കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു
ഒറ്റ നോട്ടത്തില്‍

നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാർ നദിയുടെ തീരത്ത് തെക്കുകിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കുളങ്ങളുടെ നാടാണ് കുളത്തൂർ. 1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടപ്പോഴാണ് കേരള-തമിഴ്നാട് അതിർത്തിപ്രദേശം ഉൾക്കൊളളിച്ചുകൊണ്ട് കുളത്തൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1960-ൽ പഞ്ചായത്തിന്റെ കിഴക്കുഭാഗം ഉൾക്കൊള്ളിച്ചുകൊണ്ട് കാരോട് പഞ്ചായത്ത് രൂപീകരിക്കാൻ വിഭജിച്ചപ്പോഴാണ് കുളത്തൂർ പഞ്ചായത്തിന് ഇന്നത്തെ രൂപം കൈവന്നത്. നെയ്യാറിന്റെ തലോടൽ കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം അറേബ്യൻ കടലിന്റെയും, എ.വി.എം.കനാലിന്റെയും, കൊടിതൂക്കിപൊറ്റയുടെയും സാമീപ്യത്താൽ പ്രകൃതിരമണീയമാണ്. കടലും കടലോരവും നദിയും കുളങ്ങളും കുന്നുകളും താഴ്വ‌രകളും തോടുകളും നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും സമഞ്ചസമായി ചേർന്നതാണീ പ്രദേശം. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലൂടെ ഒഴുകുന്ന നെയ്യാർ സമുദ്രത്തിൽ പതിക്കുന്ന പരുത്തിയൂർ പൊഴിക്കരയിലെ മനോഹരതീരവും അതിനടുത്ത് വടക്കുപടിഞ്ഞാറ് മാറിസ്ഥിതിചെയ്യുന്ന കൊടിതൂക്കിക്കുന്നും ടൂറിസ്റ്റുകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ചരിത്രമുണർത്തുന്ന അനന്ത വിക്ടോറിയ മാർത്താണ്ഡൻ തോട്, നെയ്യാറിന്റെ പതനസ്ഥലമായ പൊരുത്തിയൂർ പൊഴിക്കടുത്ത് നിന്നും സമുദ്രത്തിന് സമാന്തരമായി കിഴക്കോട്ട് ഒഴുകുന്നു. പഞ്ചായത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്ന അനന്തവിക്ടോറിയ മാർത്താണ്ഡൻ കനാൽ, അന്ന് നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ സിംഹാസനവും, ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ബന്ധിപ്പിക്കലിനെയാണ് ഓർമ്മിപ്പിക്കുന്നത്. ഈ പഞ്ചായത്തിലെ 85% ജനങ്ങളും സാക്ഷരരാണ്. 20 വാർഡുകളാണ് പഞ്ചായത്തിലാകെയുള്ളത്. കുളത്തൂർ പഞ്ചായത്തിലെ ജനസംഖ്യയിൽ മൂന്നിലൊന്നും മത്സ്യബന്ധനം ഉപജീവനമാക്കിയവരാണ്.