സാംസ്കാരികചരിത്രം
🎭 സാംസ്കാരിക ചരിത്രം
സാമൂഹിക ഐക്യം, സാംസ്കാരിക പാരമ്പര്യം, സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾ
🏛️ ജാതിവ്യവസ്ഥയുടെ പരിണാമവും മാതൃകാ മാറ്റവും
ഒരുകാലത്ത് കർക്കശമായിരുന്ന ജാതിവ്യവസ്ഥിതിയും ജന്മി വ്യവസ്ഥിതിയും ഇവിടെ നിലനിന്നിരുന്നു. എന്നാൽ സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ഫലമായി ജാതിവ്യവസ്ഥ തുടച്ചുനീക്കുകയും നാനാജാതിമതസ്ഥർ ഐക്യത്തോടുകൂടി ജീവിക്കുകയും ചെയ്യുന്ന മാതൃകാപരമായ അവസ്ഥയിലേക്ക് പഞ്ചായത്ത് മാറി.
🚀 പുരോഗതിയുടെ ഘടകങ്ങൾ
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ സാമുദായിക മാറ്റങ്ങൾ, ക്രിസ്ത്യൻ മിഷനറിമാരുടെ സഹായം, വിദ്യാഭ്യാസം എന്നിവ പിന്നോക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസം, നല്ല വസ്ത്രധാരണം, സ്വതന്ത്രമായ സഞ്ചാരം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചു.
🕊️ മതസൗഹാർദ്ദം
പൊഴിയൂർ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം പള്ളി സമുച്ചയങ്ങളും അവിടുത്തെ ഉത്സവങ്ങളും ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുകയും മതസൗഹാർദ്ദം വിളിച്ചോതുകയും ചെയ്യുന്നു.
🛕 ദേവീക്ഷേത്രം
കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവം കേരളത്തിലെ തന്നെ പുരാതനവും പ്രസിദ്ധിയാർജിച്ചതുമായ സാംസ്കാരികോത്സവമാണ്.
⛪ ക്രിസ്ത്യൻ ദേവാലയങ്ങൾ
- കൊടിതൂക്കി സി.എസ്.ഐ. ചർച്ച് (ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം)
- ഉച്ചക്കട ആർ.സി. ദേവാലയം
- പരിത്തീയൂർ സെന്റ് മേരീസ് മഗ്ദലനാ ചർച്ച്
- കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ച്
- വിരാലി സി.എസ്.ഐ. ചർച്ച്
🕌 മുസ്ലീം ആരാധനാലയങ്ങൾ
ചാറോട്ട്കോണം, പൊഴിയൂർ എന്നിവിടങ്ങളിൽ പ്രശസ്തമായ മുസ്ലീം പള്ളികൾ സ്ഥിതിചെയ്യുന്നു.
🌴 വരുമാന മാർഗ്ഗങ്ങളും പരമ്പരാഗത തൊഴിലുകളും
പഞ്ചായത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങൾ കൃഷിയും മത്സ്യബന്ധനവുമാണ്. പനകയറ്റം, പായ് നെയ്ത്ത്, കക്ക നീറ്റ്, കയർ പിരിക്കൽ തുടങ്ങിയവയിൽ നൂറുകണക്കിന് ആളുകൾ ആശ്രയം കണ്ടെത്തിയിരുന്നു. എന്നാൽ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ മൂലം ഈ തൊഴിലുകൾ അന്യം ആയിക്കൊണ്ടിരിക്കുകയാണ്.
🐟 മത്സ്യബന്ധന മേഖലയിലെ മാറ്റങ്ങൾ
ജനസംഖ്യയിൽ മൂന്നിലൊന്ന് മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചാരായം വാറ്റ് എന്ന കുടിൽ വ്യവസായത്തിന്റെ കടന്നുവരവ് മേഖലയെ ബാധിച്ചിരുന്നെങ്കിലും, 1992-ൽ ബോധവൽക്കരണ പരിപാടികളിലൂടെ ചാരായം വാറ്റ് നിശ്ശേഷം തുടച്ചുമാറ്റിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ മേഖലയിലേക്ക് സജീവമായി മടങ്ങിയെത്തി.
📚 വിദ്യാഭ്യാസ പുരോഗതി
മുൻകാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായി വലിയ പുരോഗതി കൈവരിക്കാനും, ഉന്നതവിദ്യാഭ്യാസം നേടി ഉയർന്ന ജോലിയിലിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കാനും സാധിച്ചിട്ടുണ്ട്.
🌿 പാരമ്പര്യ ചികിത്സാരീതികൾ
തിരുമൽ, മർമ്മ ചികിത്സ, സിദ്ധ-വിഷവൈദ്യ രീതികൾ തുടങ്ങിയ പരമ്പരാഗത വൈദ്യാഭ്യാസ രീതികളും ചികിത്സകളും ഈ പ്രദേശത്ത് സജീവമായി നിലനിന്നിരുന്നു.