ചരിത്രത്തിലേക്കൊരു നോട്ടം: പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായ ശ്രീ.ആന്റണി നാടാരുടെയും സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ശ്രീ. ഗാന്ധിവിലാസം കൃഷ്ണൻ നായരുടെയും മാതൃകാപരമായ പ്രവർത്തനങ്ങൾ അവിടുത്തെ സാമൂഹികമുന്നേറ്റത്തിന് വളരെ അധികം സംഭാവനകൾ നൽകിയിട്ടുണ്ട്. കുളത്തൂർ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്താണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
⛰️ കൊടിതൂക്കിക്കുന്നും ചരിത്ര പ്രാധാന്യവും
പോർച്ചുഗീസുകാരുടെ കാലം മുതൽക്കുതന്നെ വിദേശികൾ ഇതിനെ സുഖവാസ കേന്ദ്രമാക്കിയിരുന്നു. അക്കാലത്ത് ഒരു ചെറിയ തുറമുഖമായിരുന്ന പൂവാറിൽ നങ്കൂരമിടുന്ന പായ്ക്കപ്പലുകൾക്ക് സിഗ്നൽ നൽകുന്നതിന് തൊട്ടടുത്ത് പൊക്കമുള്ള കുന്നിൽ വലിയ കൊടി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തലയുയർത്തിനിൽക്കുന്ന ഈ കുന്നിന് ഇക്കാരണത്താൽ 'കൊടിതൂക്കിക്കുന്ന്' എന്ന് പേരുണ്ടായി. കൊടിതൂക്കിക്കുന്നിന്റെ ഉത്തുംഗഭാഗത്തുനിന്നു നോക്കിയാൽ നാലുവശത്തും കാണുന്ന പ്രകൃതിദൃശ്യങ്ങൾ ഏതൊരു സന്ദർശകനെയും വിസ്മയിപ്പിക്കും. നദിയുടെ പടിഞ്ഞാറായി രാജാ കേശവദാസിന്റെയും മാർത്താണ്ഡവർമ്മ രാജാവിന്റെയും പ്രയാണത്തിനിടയിൽ അഭയം നൽകി ചരിത്രത്തിൽ സ്ഥാനം പിടിച്ച പൂവാറിലെ പല പ്രദേശങ്ങളും കാണാം.
🌊 തീരപ്രദേശവും ജനജീവിതവും
ഈ പഞ്ചായത്തിലെ 12 വാർഡിൽ മൂന്ന് വാർഡുകൾ പൂർണ്ണമായും 1 വാർഡ് ഭാഗികമായും തീരപ്രദേശത്താണ്. പഞ്ചായത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം, വിസ്തൃതിയിൽ പഞ്ചായത്തിന്റെ 10% പോലും വരാത്ത ഈ പ്രദേശത്താണ് തിങ്ങിപ്പാർക്കുന്നത്. ഈ പ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്.
🐟 ജീവനമാർഗ്ഗം
തീരപ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഇവിടെനിന്നുള്ള മത്സ്യമാണ് നെയ്യാറ്റിൻകര താലൂക്കിലെ വിവിധഭാഗങ്ങളിൽ ലഭ്യമാക്കുന്നത്.
🏥 ആരോഗ്യ മേഖല
ചികിത്സാരീതികളായ അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി എന്നീ എല്ലാ ചികിത്സാരീതികളും അവലംബിക്കുന്നുണ്ടെങ്കിലും അലോപ്പതി രീതികളാണ് കൂടുത ആളുകളും പിന്തുടരുന്നത്. പഞ്ചായത്തിൽ 2 പ്രൈമറി ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നാട്ടുവൈദ്യമുറകളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്.